ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മത്സ്യത്തൊഴിലാളികൾ രാജ്യത്ത് തിരികെയെത്തി. തമിഴ്‌നാട് രാമേശ്വരം ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ജന്മനാട്ടിൽ തിരികെ എത്തിയ മത്സ്യത്തൊഴിലാളികളെ ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.
ജൂലൈ എട്ടിനായിരുന്നു മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക പോലീസ് അറസ്റ്റ് ചെയ്തത്. മത്സ്യബന്ധനത്തിനായി പോയ 15 തൊഴിലാളികളായിരുന്നു അറസ്റ്റിലായത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി ഇവരെ റിമാൻഡ് ചെയ്തു. ഇതിന് ശേഷം ഈ മാസം 21 ന് കോടതി ഇവരെ വിചാരണയുടെ ഭാഗമായി വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി വിട്ടയക്കാൻ ഉത്തരവിട്ടു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീലങ്കയിൽ നിന്നും യാത്ര പുറപ്പെട്ട ഇവർ ഇന്നലെ രാത്രിയോടെയായിരുന്നു രാമേശ്വരത്ത് എത്തിയത്.
അടുത്തിടെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇന്ത്യയിൽ എത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മത്സ്യത്തൊഴിലാളികൾ രാജ്യത്ത് മടങ്ങിയെത്തുന്നത്.
Discussion about this post