തിരുവനന്തപുരം: പട്ടികജാതി,പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ ക്രൂരമായ വഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്.സി/ എസ്ടി വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും നൽകേണ്ടത് സംസ്ഥാന സർക്കാരാണ് . കഴിഞ്ഞ 3 വർഷമായി സർക്കാർ ഈ തുക നൽകാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് ദളിത് സമൂഹത്തോട് കാട്ടുന്ന കൊലച്ചതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളുടെ ഭരണഘടനപരമായ അവകാശത്തെ സർക്കാർ ലംഘിക്കുകയാണ്. ഫീസടക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് കോളേജുകൾ ഹാജർ നൽകുന്നില്ല. ഹാജരില്ലങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. ഇത്തരത്തിൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്ത് കൊണ്ടാണ് സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസടക്കാത്തത് എന്ന് വ്യക്തമാക്കണം. അതിനു വേണ്ടി വകയിരുത്തിയ പണം എന്തിനാണ് വകമാറ്റി ചെലവഴിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
കോടി കണക്കിന് രൂപയാണ് സർക്കാർ കോളേജുകൾക്ക് നൽകാനുള്ളത്. അടിയന്തരമായി വിദ്യാർത്ഥികളുടെ ഫീസ് മുഴുവൻ അടയ്ക്കാൻ സർക്കാർ തയ്യാറാകണം. ഒബിസി, ഒഇസി വിദ്യാർത്ഥികളുടെ ഫീസും സർക്കാർ കഴിഞ്ഞ 3 വർഷമായി നൽകുന്നില്ല. സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് അടക്കാൻ തയ്യാറായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും പി.സുധീർ പറഞ്ഞു.
Discussion about this post