ഭോപ്പാൽ: സംസ്ഥാനത്തെ വനിതാ പോലീസുകാർക്ക് ഇരുചക്ര വാഹനം കൈമാറി മദ്ധ്യപ്രദേശ് സർക്കാർ. 250 സ്‌കൂട്ടറുകളാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കൈമാറിയത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ വനിതാ പോലീസുകാരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വാഹനങ്ങളുടെ അപര്യാപ്ത വനിതാ പോലീസുകാരുടെ രാത്രി കാല പട്രോളിംഗ് ദുസ്സഹമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ കൈമാറിയത്. ഇത് രാത്രികാല പട്രോളിംഗ് കൂടുതൽ സുഗമമാക്കുകയും ഇതുവഴി സ്ത്രീ സുരക്ഷ കൂടുതൽ ശക്തമാക്കുകയും ചെയ്യും. സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്ന കുറ്റവാളികളെ പിടികൂടുക വനിതാ പോലീസുകാർക്ക് കൂടുതൽ എളുപ്പമാകും. ഇരുചക്ര വാഹനങ്ങളുടെ കൈമാറ്റത്തിനൊപ്പം തന്നെ വനിതാ പോലീസുകാരുടെ റാലിയും നടന്നു. തലസ്ഥാന നഗരിയായ ഭോപ്പാലിലെ മോത്തിലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാണ് റാലി ആരംഭിച്ചത്.
സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തരവകുപ്പ് സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയും സ്ത്രീ ശാക്തീകരണവുമാണ് സർക്കാരിന് പ്രധാനം. അതിനായി ലാഡ്‌ലി ലക്ഷ്മി യോജന, കന്യ വിവാഹ് യോജന, ലാഡ്‌ലി ബഹ്ന യോജന എന്നിങ്ങനെ നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്. ലൈംഗികാതിക്രമ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനവും മദ്ധ്യപ്രദേശാണ്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരുടെ അനധികൃതമായി നിർമ്മിച്ച വീടുകളും ഇവിടെ നശിപ്പിച്ചിരുന്നു.
പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തുന്ന സ്ത്രീകൾക്ക് പുരുഷ പോലീസ് ഉദ്യോഗസ്ഥരോട് കൃത്യമായി സംഭവം വിവരിക്കാൻ പറ്റാത്ത സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിൽ വനിതകൾക്കായി ഹെൽപ്പ് ഡെസ്‌ക് വനിതാ പോലീസുകാരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതുവഴി അവർക്ക് സമാധാനപരമായി പരാതി നൽകാൻ കഴിയും. ലിംഗസമത്വത്തെ കുറിച്ചും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനെ കുറിച്ചും ആൺകുട്ടികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി സർക്കാർ ‘അഭിമന്യു’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എം പിയായിരുന്ന കാലത്ത് തന്നെ സ്ത്രീകൾക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ആളാണ് അദ്ദേഹം. പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ലാഡ്‌ലി ലക്ഷ്മി യോജന അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷം ലാഡ്‌ലി ബഹ്ന യോജന എന്ന പേരിൽ ആരംഭിച്ചു.
സംസ്ഥാനത്ത് മുൻപ് വളരെ കുറച്ചു വനിതകൾ മാത്രമേ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനം അനുഷ്ടിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് അതിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഒരു വനിതാ പോലീസ് സ്റ്റേഷൻ വീതമുണ്ട്. എല്ലാ സ്റ്റേഷനുകളിലും വുമൺ ഹെൽപ്പ് ഡെസ്‌ക് സൗകര്യവും ലഭ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post