ഗുവാഹത്തി : ലൗ ജിഹാദിന്റെ അടിസ്ഥാന ഉദ്ദേശ്യം നിർബന്ധിത മതപരിവർത്തനമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസാമിലെ ലൗ ജിഹാദ് കേസുകൾ അന്വേഷിക്കുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) വികസിപ്പിക്കണമെന്നും ഹിമന്ത ബിശ്വ ശർമ്മ പോലീസിനോട് ആവശ്യപ്പെട്ടു. ബോംഗൈഗാവിൽ നടന്ന ഒരു കൺവെൻഷനിൽ ആണ് പോലീസ് സൂപ്രണ്ടുമാരോട് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
എല്ലാ സമുദായങ്ങൾക്കും നിയമപരമായി വിവാഹപ്രായം നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “ഒന്നിലധികം വിവാഹങ്ങൾ തടയുന്നതിന് കൂടുതൽ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുന്ന ഒരു നിയമം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ഈ കുറ്റത്തിന് ജാമ്യം ലഭിക്കരുത് “എന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ തടയാൻ സെപ്തംബറിൽ മറ്റൊരു ഓപ്പറേഷൻ ആരംഭിക്കുമെന്നും ബഹുഭാര്യത്വത്തിനും ശൈശവ വിവാഹത്തിനും പിടിക്കപ്പെട്ട പ്രതികൾക്കെതിരെ നിയമനിർമാണത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്നും അസം മുഖ്യമന്ത്രി കൺവെൻഷനിൽ വ്യക്തമാക്കി. ഹിന്ദു, മുസ്ലീം പുരുഷൻമാർ അതത് സമുദായത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചാൽ രാജ്യത്ത് സമാധാനമുണ്ടാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച ഒരു പ്രസ്താവന നടത്തിയിരുന്നു.
അസമിലെ ഗോലഘട്ടില്‍ 25കാരന്‍ ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത് വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വാർത്തയോട് പ്രതികരിക്കുമ്പോഴാണ് അസം മുഖ്യമന്ത്രി ഇത് ലവ് ജിഹാദാണെന്നും ഇങ്ങനെ വ്യത്യസ്ത മതത്തിലുള്ളവർ വിവാഹം കഴിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിന് വേണ്ടിയാണെന്നും അഭിപ്രായപ്പെട്ടത്.
Discussion about this post