ആലുവ: ആലുവയിലെ 5 വയസുകാരിയുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാന്ദ്‌നിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം കണ്ടെത്തിയതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വരുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ആറ് വയസ്സുള്ള കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ വെളിപ്പെടുത്തി.
കുഞ്ഞിന്റെ കൈ പിടിച്ച് നടന്നിരുന്നത് അറസ്റ്റിലായ അസ്ഫാക് ആലം തന്നെയാണ്. സംശയം തോന്നിയതിനാൽ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്ന് ദൃക്‌സാക്ഷി പറയുന്നു. കുട്ടി തന്റേതാണെന്ന് പറഞ്ഞ് അസ്ഫാക് വേഗത്തിൽ നടന്ന് നീങ്ങിയെന്നും ഇയാൾക്ക് പിറകെ രണ്ടുമൂന്നു പേർ കൂടി മാർക്കറ്റിലേക്ക് പോയെന്നും ദൃക്‌സാക്ഷിയായ ചുമട്ടുതൊഴിലാളി കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ കയ്യിൽ മിഠായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താജുദ്ദീൻ പറഞ്ഞു. കുട്ടിയെ കാണാതായെന്ന വാർത്ത കണ്ടതിന് പിറകെയാണ് താജുദ്ദീൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ചെളിയിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്‌നി. കേസിൽ പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പോലീസിനോട് പറഞ്ഞിരുന്നു.
Discussion about this post