ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അഭിപ്രായ സർവ്വേ. 318 ലോക്സഭാ സീറ്റുകളുമായി എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടിയേക്കുമെന്ന് ഇന്ത്യ ടിവി-സിഎൻഎക്സ് അഭിപ്രായ സർവ്വേ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ തകർത്തുകൊണ്ട് എൻഡിഎ മുന്നേറുമെന്നാണ് പ്രവചനം.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യയ്ക്ക് 175 ലോക്സഭാ സീറ്റുകൾ ലഭിക്കും. പ്രാദേശിക പാർട്ടികൾക്ക് ഉൾപ്പെടെ 50 സീറ്റുകൾ ലഭിച്ചേക്കാം എന്നും സൂചനയുണ്ട്. ലോക്സഭയിൽ ബിജെപിയുടെ അംഗബലം 303 ൽ നിന്ന് 290 ആയി കുറയാൻ സാധ്യതയുണ്ട്.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 80 ൽ 73 സീറ്റുകളും എൻഡിഎ നേടുന്നത് ഉത്തർപ്രദേശിൽ നിന്നായിരിക്കും. യുപിയിൽ ശേഷിക്കുന്ന ഏഴ് സീറ്റുകളിൽ ഇൻഡ്യ വിജയിച്ചേക്കുമെന്നും പ്രവചിക്കുന്നു. ഗുജറാത്തിൽ നിന്നുള്ള 26 ലോക്സഭാ സീറ്റുകളും ഉത്തരാഖണ്ഡിൽ നിന്നുള്ള അഞ്ച് സീറ്റുകളും ബിജെപി തൂത്തുവാരും. കർണാടകയിൽ നിന്ന് 28 ലോക്സഭാ സീറ്റുകളിൽ 20 സീറ്റുകൾ നേടിയേക്കും. ഏഴ് സീറ്റുകൾ ഇൻഡ്യയും ഒരു സീറ്റ് ജനതാദളും നേടും.
മമത ബാനർജിയുടെ അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ഇത്തവണ 22 സീറ്റിൽ നിന്ന് 29 സീറ്റിലേക്ക് ഉയർന്ന് ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായേക്കും. ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി 18 സീറ്റുകളുമായി നാലാമത്തെ വലിയ കക്ഷിയായി ഉയർന്നേക്കാം. കഴിഞ്ഞ തവണ 22 സീറ്റുകളാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്.
Discussion about this post