മുംബൈ: പ്രതിഭ ഉണ്ടായിട്ടും പ്രകടനം മെച്ചപ്പെടുത്താൻ ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ശ്രമിക്കുന്നില്ലെന്ന് മുൻ ക്യാപ്ടൻ കപിൽ ദേവ്. ഇന്നത്തെ കളിക്കാർക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്നാൽ, തങ്ങൾക്ക് എല്ലാം അറിയാമെന്ന ഭാവമാണ് അവർക്ക്. അത് ശരിയല്ലെന്ന് കപിൽ പറഞ്ഞു.
ധാരാളം പണം കൈയിൽ വരുമ്പോൾ അഹങ്കാരവും കൂടെ വരുന്നു. ഇത് മനുഷ്യരെ ദുരഭിമാനികളാക്കി മാറ്റും. ആരിൽ നിന്നും ഉപദേശം സ്വീകരിക്കാനുള്ള മനസ് അപ്പോൾ അവർക്ക് ഉണ്ടാകില്ല. ഇത്തരം ചിന്താഗതി ഉള്ളവർ വേറൊരു ലോകത്താണ് ജീവിക്കുന്നത്. ആ ലോകത്ത് നിന്നും അവർ പുറത്ത് വരാൻ ശ്രമിക്കണമെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.
ഇന്നത്തെ കളിക്കാർക്ക് നല്ല ഉപദേശങ്ങളുടെ കുറവുണ്ട്. സുനിൽ ഗവാസ്കറെ പോലെയുള്ള മുതിർന്ന കളിക്കാരിൽ നിന്നും അവർക്ക് അത് സ്വീകരിക്കാവുന്നതാണ്. അനാവശ്യമായ ദുരഭിമാനമാണ് അവരെ അതിന് അനുവദിക്കാത്തത്. സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. എന്നാൽ 50 ക്രിക്കറ്റ് സീസണുകൾ കണ്ട ഗവാസ്കറെ പോലെ ഉള്ളവരുടെ വാക്കുകൾ കേൾക്കുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ല. അദ്ദേഹം പറഞ്ഞു.
ഇന്നത്തെ താരങ്ങൾ തന്നോട് ഉപദേശങ്ങൾ തേടാറില്ല എന്ന് സുനിൽ ഗവാസ്കർ അടുത്തയിടെ പറഞ്ഞിരുന്നു. മുൻ താരങ്ങളായ രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വി വി എസ് ലക്ഷ്മൺ തുടങ്ങിയവർ കരിയറിലെ സുപ്രധാന ഘട്ടങ്ങളിൽ തന്നിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്ന് ഗവാസ്കർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കപിൽ ദേവ്.
Discussion about this post