ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയ യുദ്ധ വിമാനമായ തേജസ് ജമ്മു കശ്മീരിലേക്ക് മാറ്റി വ്യോമസേന അധികൃതർ. താഴ്‌വരകളിൽ നടത്തുന്ന ഓപ്പറേഷനുകളിലേക്ക് വേണ്ട പറക്കൽ പരിശീലനം നേടുന്നതിനായാണ് തേജസിനെ കാശ്മീരിലേക്ക് മാറ്റിയിരിക്കുന്നത്. ജമ്മുകശ്മീരിലെയും ലഡാക്കിലെയും ഫ്ലീറ്റ് ഫോർവേഡ് ബേസുകളിലേക്കാണ് തേജസ് മാറ്റിയിരിക്കുന്നത്.
ചൈനയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കാശ്മീരിലെ താഴ്‌വാര പ്രദേശങ്ങളിലൂടെ വ്യോമസേനയുടെ വിമാനങ്ങൾക്ക് പറക്കൽ നടത്തേണ്ടി വരാറുണ്ട്. ഇതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാർ. ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുൾപ്പെടെ വടക്കൻ സെക്ടറിലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇന്ത്യൻ വ്യോമസേന തേജസ് യുദ്ധ വിമാനങ്ങൾ അയച്ചിട്ടുണ്ട്.
പാകിസ്താന്റെയും ചൈനയുടെയും സംയുക്ത സംരംഭമായ ജെഎഫ്-17 യുദ്ധവിമാനത്തേക്കാൾ കൂടുതൽ ശേഷിയുള്ളതാണ് ഇന്ത്യയുടെ തദ്ദേശീയ യുദ്ധ വിമാനമായ തേജസ് എന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഹാമർ പോലെയുള്ള കൂട്ടിച്ചേർക്കലുകൾ നടത്തി ഇന്ത്യൻ വിമാനം കൂടുതൽ ശേഷിയുള്ളതാക്കി മാറ്റിയിട്ടുണ്ട്. നിലവിലുള്ള തേജസിനെക്കാൾ കൂടുതൽ മെച്ചപ്പെട്ട തേജസ് മാർക്ക്-1A നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങളിൽ കൂടിയാണ് ഇപ്പോൾ ഇന്ത്യ.
Discussion about this post