രണ്ട് വർഷം മുമ്പ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന അതിതീവ്ര രക്താർബുദം ഉണ്ടെന്ന് സ്ഥിരീകരിച്ച ഒരു ചെറുപ്പക്കാരൻ ഇന്ന് എല്ലാ ദുരന്തങ്ങളെയും താണ്ടിക്കടന്ന് ഒരു ഫിറ്റ്നസ് ഇൻസ്ട്രക്ടറുടെ വിജയകരമായ ജീവിതം ജീവിക്കുകയാണെന്നത് ശരിക്കും അവിശ്വസനീയമാണ്. എന്നാൽ ഗോവിന്ദിന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണിത്. ഒരിക്കൽ തന്റെ രോഗാവസ്ഥയിൽ മനസ്സു തളർന്ന് വെറും 40 കിലോ ഭാരം മാത്രമുള്ള ശരീരവുമായി കിടപ്പിലായിരുന്ന ഗോവിന്ദ് ഇന്ന് മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മാതൃക ആണ്.
ചെറുപ്പം മുതൽ തന്നെ ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു ഗോവിന്ദ്. 16 വയസ്സ് മുതൽ അച്ചടക്കമുള്ള ഭക്ഷണക്രമവും ഉറക്കവും കൊണ്ട് ബോഡി ബിൽഡിംഗിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഇടയ്ക്കിടെ ഉണ്ടായിരുന്ന ടോൺസിലൈറ്റിസ് അല്ലാതെ മറ്റു പ്രത്യേകിച്ച് അസുഖങ്ങളൊന്നും തന്നെ ഗോവിന്ദിന് ഉണ്ടായിരുന്നില്ല. എന്നാൽ കോവിഡ് കാലമായിരുന്നു ഗോവിന്ദിന്റെ ജീവിതം മാറ്റിമറിച്ചത്. കോവിഡിൽ അയാൾക്ക് തന്റെ സഹോദരനെ നഷ്ടപ്പെട്ടു. വൈകാതെ ഗോവിന്ദിനും കോവിഡ് പിടിപെടുകയും ഗുരുതരമായ ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. കടുത്ത പനിയും തലവേദനയും വിശപ്പില്ലായ്മയും എല്ലാം കൊണ്ട് ബുദ്ധിമുട്ടിയ കുറേ ദിവസങ്ങൾക്കുശേഷമാണ് തനിക്ക് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് ഗോവിന്ദ് തിരിച്ചറിയുന്നത്.
കീമോതെറാപ്പിയുടെ ഉയർന്ന ഡോസുകളും ആവർത്തിച്ചുള്ള രക്തസ്രാവവും അണുബാധയുമെല്ലാം കാരണം ഏറെ തളർന്നു പോകുന്ന ഒരു രോഗമാണ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ. എന്നാൽ ഗോവിന്ദ് ഒരിക്കലും തളർന്നില്ല. കാൻസർ വിമുക്തനാകുന്നത് വരെ അവൻ കീമോ തുടർന്നു. എല്ലാ വേദനകളും കടിച്ചമർത്തി നാലുമാസം നീണ്ടു നിന്ന കീമോതെറാപ്പിക്കാണ് ഗോവിന്ദ് വിധേയനായത്. ഒടുവിൽ ആ ദുരന്തത്തെയും അയാൾ അതിജീവിച്ചു. ഇന്ന് 75 കിലോ ഭാരവും ഉറച്ച ശരീരവുമായി അയാൾ ഒരു മികച്ച ജിം പരിശീലകനും ക്യാൻസർ ബാധിതർക്ക് അതിജീവനത്തിന്റെ കരുത്ത് പകരുന്ന മാതൃകയും ആവുകയാണ്. ഗോവിന്ദിന്റെ വാക്കുകൾ പ്രകാരം “അന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ ഊഴമാണ്. അതിനാൽ എനിക്ക് കഴിയുന്ന പോലെ ഞാൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്നു”. അതെ, ഇന്ന് നിരവധി പേർക്ക് ജീവിതത്തോട് പോരാടാൻ ഉള്ള ധൈര്യം പകരുകയാണ് ഗോവിന്ദ്.












