തിരുവനന്തപുരം: ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. ഒരു ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തിന് കൈമാറുക. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മന്ത്രി ധനസഹായം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഹായം അനുവദിച്ചത്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസനിധി.
പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങിൽ നിന്നും സർക്കാർ പ്രതിനിധികൾ വിട്ട് നിന്നതും സഹായം പ്രഖ്യാപിക്കാതിരുന്നതും ആളുകളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെയായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്.












