16 തവണ ലോക ചാമ്പ്യനായെങ്കിലും തന്റെ വിജയത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്ന് അമേരിക്കൻ നടനും ഗുസ്തി താരവുമായ ജോൺ സീന. “കടന്നുവന്ന വഴികളിൽ ഏറെ ദുരിതങ്ങൾ താണ്ടിയിട്ടുണ്ട്. ഒരു ജോലി അന്വേഷിച്ചു നടന്നിരുന്ന കാലത്ത് വീടോ ഭക്ഷണമോ ഒന്നും ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു.”എന്നിങ്ങനെ താൻ കടന്നുവന്ന ദുരിത പാതകളെ കുറിച്ച് വിശദമാക്കുകയാണ് ജോൺ സീന. ഹാസ്യനടൻ കെവിൻ ഹാർട്ട് അവതരിപ്പിക്കുന്ന ഹാർട്ട് ടു ഹാർട്ട് എന്ന ചാറ്റ് ഷോയിലാണ് ജോൺ സീന തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മനസ്സുതുറന്നത്.
1999-ൽ ഒരു ജോലി ലഭിക്കുന്നതിനായി കാലിഫോർണിയയിലേക്ക് വന്നശേഷം താൻ ഒരുപാട് ദുരന്തങ്ങൾ അനുഭവിച്ചു എന്നാണ് ജോൺ സീന വ്യക്തമാക്കിയത് . ഒരു വ്യായാമ ഫിസിയോളജി ബിരുദം ഉണ്ടായിരുന്നിട്ടും കാര്യമായ ജോലിയൊന്നും ലഭിക്കാതിരുന്നതിനാൽ ജോൺ സീനയ്ക്ക് അക്കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. വീടില്ലാത്തതിനാൽ അക്കാലത്ത് കാറിലായിരുന്നു ഉറങ്ങിയിരുന്നത് എന്നും ജോൺ സീന പറഞ്ഞു. അക്കാലത്ത് അവിടെ ഒരു പ്രാദേശിക പിസ ഷോപ്പിൽ ഒരു വലിയ പിസ്സ മുഴുവനായി കഴിച്ചാൽ അത് നിങ്ങൾക്ക് ഫ്രീയായി ലഭിക്കുന്ന ഒരു ഓഫർ ഉണ്ടായിരുന്നു. അതിനാൽ താൻ ദിവസവും ആ വലിയ പിസ്സ മുഴുവനായി കഴിച്ച് ആ ഫ്രീ ഓഫർ സ്വന്തമാക്കുമായിരുന്നു. കാരണം അന്ന് ഭക്ഷണത്തിന് നൽകാനായി തന്റെ പക്കൽ പണം ഇല്ലായിരുന്നു എന്നും ജോൺ സീന ഓർത്തെടുത്തു.
ഇന്ന് ഗുസ്തി പ്രശസ്തിയും പ്രതാപവും പണവും നൽകിയെങ്കിലും ആദ്യകാലത്ത് ഗുസ്തി ഒരു കരിയർ ഓപ്ഷനാണെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് ജോൺ സീന പറഞ്ഞത്. അതിനാൽ തന്നെ മറ്റെന്തെങ്കിലും ഒരു ജോലി നേടാൻ ആയിരുന്നു താൻ ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ തന്റെ ജീവിതം മാറ്റിമറിച്ചത് ഗുസ്തിയും ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യൻഷിപ്പും ആണെന്ന് ജോൺ സീന വ്യക്തമാക്കി. പ്രൊഫഷണൽ ഗുസ്തി താരം എന്നത് കൂടാതെ നിരവധി ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ജോൺ സീന. ദി മറൈൻ (2006), 12 റൗണ്ട്സ് (2009), ദി റീയൂണിയൻ (2011), എഫ്9: ദി ഫാസ്റ്റ് സാഗ (2021), ദി സൂയിസൈഡ് സ്ക്വാഡ് (2021), ഫാസ്റ്റ് എക്സ് (2023) തുടങ്ങിയ ചിത്രങ്ങളിൽ ജോൺ സീന ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ഏറ്റവുമധികം ഡബ്ല്യുഡബ്ല്യുഇ ലോക ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ജോൺ സീന എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളാണ്. 1999-ൽ പ്രൊഫഷണൽ ഗുസ്തിയിലേക്ക് കടന്നുവന്ന ജോൺ സീന അൾട്ടിമേറ്റ് പ്രോ റെസ്‌ലിങ്ങിൽ ആണ് അരങ്ങേറ്റം കുറിച്ചത്. OVW ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പും OVW സതേൺ ടാഗ് ടീം ചാമ്പ്യൻഷിപ്പും ഈ 46കാരൻ നേടിയിട്ടുണ്ട്. 16 തവണ ലോക ചാമ്പ്യനായിട്ടുള്ള ജോൺ സീന13 തവണ WWE ചാമ്പ്യൻഷിപ്പും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അഞ്ച് തവണ WWE യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചാമ്പ്യൻ , രണ്ട് തവണ WWE ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ വേൾഡ് ടാഗ് ടീം ചാമ്പ്യൻ എന്നിങ്ങനെയുള്ള നേട്ടങ്ങളും ജോൺ സീനയ്ക്ക് സ്വന്തമാണ്.
Discussion about this post