ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളായ ഏപ്രിലിലും മെയിലുമായി 14,302 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ.
2,784 ജിഎസ്ടി വെട്ടിപ്പ് കേസുകൾ ആണ് കണ്ടെത്തിയത്. ഈ കേസുകളിൽ 28 പേർ അറസ്റ്റിലായിട്ടുണ്ട്. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ്ടി വെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. ചരക്ക് സേവന നികുതി (ജിഎസ്ടി), ആദായനികുതി വെട്ടിപ്പ്, കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ കള്ളക്കടത്ത് എന്നിവയുടെയെല്ലാം വിശദാംശങ്ങൾ ധനമന്ത്രി ലോക്സഭയിൽ നൽകി.
ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിലിലും മെയിലുമായി 5,716 കോടി രൂപയാണ് ജിഎസ്ടി ആയി പിരിച്ചെടുത്തതെന്നും ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ആദായനികുതി വകുപ്പ് നടത്തിയ സർവേകളുടെയും തിരച്ചിലുകളുടെയും പിടിച്ചെടുക്കലുകളുടെയും സ്ഥിതിവിവരക്കണക്കുകളും ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. കണക്കുകൾ പ്രകാരം 3,946 ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിൽ 6,662 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതിവകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം ആദായനികുതിവകുപ്പ് 741 ഗ്രൂപ്പുകളിൽ പരിശോധന നടത്തി 1,765.56 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
കഴിഞ്ഞ നാല് വർഷത്തിനിടെ 46,000 കോടി രൂപയുടെ കള്ളക്കടത്ത് കേസുകൾ കസ്റ്റംസ് വകുപ്പ് കണ്ടെത്തി. 42,754 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-മെയ് കാലയളവിൽ 1,031 കോടി രൂപ വിലമതിക്കുന്ന 2,986 കള്ളക്കടത്ത് കേസുകൾ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പും ജിഎസ്ടി വകുപ്പും വെട്ടിപ്പുകൾ കണ്ടെത്താനും നേരിടാനുമായി ശക്തമായ ഡാറ്റാ അനലിറ്റിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ നൂതന വിവരസാങ്കേതിക വിദ്യകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്ന് ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. 2023 ഓഗസ്റ്റ് 1 മുതൽ B2B ഇടപാടുകൾക്കുള്ള ഇ-ഇൻവോയ്സ് പരിധി 10 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി കുറച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Discussion about this post