ന്യൂഡൽഹി: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധിച്ചതിന്റ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അവഹേളിക്കാൻ സിപിഎം എ.കെ ബാലനെ ചുമതലപ്പെടുത്തിയതാണോയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്പീക്കർക്കെതിരെ പ്രതിഷേധ പ്രസ്താവന ഇറക്കിയതിന് പിന്നാലെ സുകുമാരൻ നായർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എകെ ബാലൻ രംഗത്തെത്തിയിരുന്നു.
ഹിന്ദുക്കളെ അവഹേളിച്ച സ്പീക്കറുടെ പ്രസ്താവനയെ സിപിഎം പൂർണമായി പിന്തുണയ്ക്കുകയാണെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. ഹൈന്ദവ വിശ്വാസങ്ങൾ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ പ്രസ്താവന സിപിഎം അംഗീകരിക്കുകയും കൈയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ്. സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാട് ഒരിക്കൽ കൂടി പുറത്തുവരികയാണെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിന് ശേഷം സിപിഎം തുടർന്നുവരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഹിന്ദു പുരാണങ്ങൾ കാലങ്ങളായി ഉളളതാണ്. ശാസ്ത്രങ്ങളെ പകരം വെയ്ക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ പ്രസ്താവനയോട് കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
Discussion about this post