ശ്രീനഗർ: ശ്രീനഗറിലെ ടാറ്റൂ ഗ്രൗണ്ടിൽ നിന്നും സൈന്യത്തെ പൂർണമായും പിൻവലിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. 139.04 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഇനി മുതൽ ടൂറിസം വികസനത്തിനായി ഉപയോഗിക്കാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കരാറിൽ ഒപ്പിട്ടു.
പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ തോതിൽ മുതൽക്കൂട്ടാകും ഈ നടപടിയെന്ന് ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. നാല് മാസത്തിനുള്ളിൽ പ്രദേശത്ത് വിനോദ സഞ്ചാര വികസന നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ നിർണായക സന്ദർഭമാണ് ഇതെന്ന് ലെഫ്റ്റ്നന്റ് ഗവർണർ വ്യക്തമാക്കി. ടൂറിസം വികസനത്തിന് സൈന്യം നൽകിയ ഈ സംഭാവന വളരെ വലുതാണ്. ജമ്മു കശ്മീരിന്റെ വികസന കാര്യങ്ങളിൽ സൈന്യം ചെലുത്തുന്ന ശ്രദ്ധയ്ക്ക് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി തവണ ഭീകരവാദികൾ ആക്രമണം അഴിച്ചുവിട്ട പ്രദേശമാണ് ടാറ്റൂ ഗ്രൗണ്ട്. നിരവധി സൈനികർ വീരമൃത്യു വരിക്കുകയും ഭീകരർ കൊല്ലപ്പെടുകയും ചെയ്ത യുദ്ധഭൂമിയായിരുന്നു ഒരുകാലത്ത് ഇവിടം. ഇനി ഈ പ്രദേശം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി മാറും.
Discussion about this post