യെമനിലെ ഒരു ചെറുദ്വീപുസമൂഹമാണ് സോകോട്ര. പേരുപോലെ തന്നെ വിചിത്രമാണ് ഇവിടുത്തെ കാഴ്ചകളും. ‘അന്യഗ്രഹം’, നിഗൂഢതകളുടെ ഭൂമി എന്നൊക്കെയാണ് പലരും ഈ ദ്വീപുകളെ വിളിക്കുന്നത്. തരിശായ പര്‍വ്വതങ്ങളും പല ഉയരങ്ങളിലുള്ള പീഠഭൂമികളും മറ്റെവിടെയും കാണാത്ത, അപൂര്‍വ്വങ്ങളായ കുറ്റിച്ചെടികളും മരങ്ങളും ജന്തുക്കളും നിറഞ്ഞതാണ് ഈ ദ്വീപുകള്‍.
ജൈവ വൈവിധ്യം കൊണ്ട് യുനെസ്‌കോയുടെ ആഗോള പൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലമാണ് ഈ ദ്വീപുസമൂഹം. പലതരത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഇവിടെയുണ്ട്. സോകോട്രയിലെ 825 സസ്യവര്‍ഗ്ഗങ്ങളുടെ 37 ശതമാനവും ഉരഗവര്‍ഗ്ഗങ്ങളുടെ 90 ശതമാനവും ഒച്ചുകളുടെ 95 ശതമാനവും ആ ദ്വീപിലല്ലാതെ ലോകത്ത് വേറെയെവിടെയും ഇല്ലെന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ കാലാവസ്ഥയും വളരെ പ്രത്യേകതയുള്ളതാണ്. തീവ്രമായ ചൂടും വലിയ വെളപ്പൊക്കങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്. ഈ കാലാവസ്ഥകളോട് പൊരുത്തപ്പെട്ടവയാണ് ഇവിടെയുള്ള സസ്യജന്തുജാലങ്ങള്‍. ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമായതുകൊണ്ടും കാലാവസ്ഥയിലും സസ്യജന്തുജാലങ്ങളിലുള്ള പ്രത്യേകതകള്‍ കൊണ്ടും ഇവിടുത്തെ പരിണാമ പ്രക്രിയയിലും വ്യത്യാസങ്ങളുണ്ട്.
ഏതാണ്ട് 25 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് സോകോട്ര സ്വയം പരിണമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഭൂമിയിലെ ബാക്കിയുള്ള ഇടങ്ങളെല്ലാം അപ്പോഴും പരിണാമത്തിന്റെ ശൈശവദശയിലായിരുന്നു. സോകോട്രയിലെ ഒരു ദ്വീപില്‍ ചുണ്ണാമ്പ്കല്ലുകൊണ്ടുള്ള പീഠഭൂമികളും പര്‍വ്വതങ്ങളും തീരദേശങ്ങളും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാറ്റിനൊപ്പം സഞ്ചരിച്ച വിത്തുകളും പക്ഷികളും പ്രാണികളും ദ്വീപുകളിലാകെ നിറഞ്ഞു. ലോകത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധമില്ലാതെ ഇവയങ്ങനെ ഭൂമിയിലെ തന്നെ ‘അന്യഗ്രഹ’ സസ്യങ്ങളും ജീവികളുമായി.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ഒറ്റപ്പെടല്‍ കാരണം, സോകോട്രയുടെ ഭൂമിഘടനയും ജൈവസമ്പത്തും വളരെ വിചിത്രമായി മാറി. കുറഞ്ഞത് 192 പക്ഷി വര്‍ഗ്ഗങ്ങളെങ്കിലും ഇവിടെയുണ്ട്. ഇതില്‍ ദേശാടനക്കിളികളും ഉണ്ട്. ഇവിടുത്തെ കടലുകളും ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. മാതളനാരങ്ങ, ഭീമങ്ങളായ സക്കുലന്റ് ചെടികള്‍, ഡ്രാഗണ്‍ ബ്ലഡ് ട്രീ, കുക്കുമ്പര്‍ ട്രീ, മിര്‍ ട്രീ എന്നിങ്ങനെ സോകോട്രയില്‍ മാത്രം കാണുന്ന സസ്യങ്ങളും ജന്തുക്കളും അനവധിയാണ്. ഡ്രാഗണ്‍ ബ്ലഡ് ട്രീ എന്ന കുട പോലുള്ള വിചിത്രമായ മരം ഈ ദ്വീപുകളില്‍ ഉടനീളം കാണപ്പെടുന്ന ഒരു മരമാണ്. ഈ ദ്വീപുസമൂഹത്തിന് അന്യഗ്രഹ പ്രതിച്ഛായ നല്‍കുന്നതില്‍ ഈ മരം പ്രധാന ഘടകമാണ്.
Discussion about this post