സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധർ തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള ലോക്മാന്യ തിലക് ദേശീയ അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്മാന്യ തിലക് അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യയെ പുരോഗതിയുടെ പടിയിൽ മുന്നേറാൻ സഹായിച്ച നരേന്ദ്രമോദിയുടെ അസാധാരണ നേതൃത്വത്തെ ആദരിക്കുന്നതിനായി ആണ് ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്നാണ് സംഘാടക സമിതി ഈ പുരസ്കാര സമർപ്പണത്തെക്കുറിച്ച് അറിയിച്ചത്. അവാർഡ് രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി സമ്മാനത്തുക നമാമി ഗംഗേ പദ്ധതിക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചു.
1983 മുതലാണ് ലോക്മാന്യ തിലക് അവാർഡ് കൊടുത്തു വരുന്നത്. സ്വാതന്ത്ര്യ സമര സേനാനി ലോക്മാന്യ ബാലഗംഗാധർ തിലകിന്റെ സ്മരണയ്ക്കായി ആണ് ഈ അവാർഡ് നൽകപ്പെടുന്നത്. തിലക് സ്മാരക മന്ദിർ ട്രസ്റ്റ് എല്ലാ വർഷവും ബാലഗംഗാധർ തിലകിന്റെ ചരമവാർഷികമായ ഓഗസ്റ്റ് 1 ന് ഈ അവാർഡ് സമ്മാനിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുക.
ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് ലോക്മാന്യ തിലക് . ‘സ്വരാജ്യ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഇന്ത്യൻ സ്വയം ഭരണത്തിന്റെ ഉറച്ച വക്താവായ ബാലഗംഗാധര തിലക് ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിലേക്ക് അണിനിരത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ നേതൃത്വത്തിനും പൗരന്മാർക്കിടയിൽ ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനത്തിനും നൽകുന്ന ആദരവായി ആണ് ലോക്മാന്യ തിലക് അവാർഡ് നൽകപ്പെടുന്നത്. മെമന്റോയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് ഈ അവാർഡ്. ലോക്മാന്യ തിലക് അവാർഡ് നേടുന്ന 41-ാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ വർഷത്തെ ലോക്മാന്യ തിലക് അവാർഡ് ലഭിച്ചിരുന്നത് ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന മുതിർന്ന ശാസ്ത്രജ്ഞയായ ടെസ്സി തോമസിന് ആയിരുന്നു. ഇന്ത്യയുടെ പ്രതിരോധശേഷിക്ക് വലിയ മുതൽക്കൂട്ടായി മാറിയ അഗ്നി-4, അഗ്നി-5 മിസൈലുകളുടെ പ്രോജക്ട് ഡയറക്ടർ ആയിരുന്നു ടെസ്സി തോമസ്. ഇതിനു മുൻപ് ലോക്മാന്യ തിലക് അവാർഡ് ലഭിച്ച മുൻ പ്രധാനമന്ത്രിമാർ ഇന്ദിരാഗാന്ധി, അടൽ ബിഹാരി വാജ്പേയ്, മൻമോഹൻസിംഗ് എന്നിവരാണ്. മുൻ രാഷ്ട്രപതിമാരായ ഡോ. ശങ്കർ ദയാൽ ശർമ, പ്രണബ് മുഖർജി എന്നിവർക്കും ലോക്മാന്യ തിലക് അവാർഡ് ലഭിച്ചിട്ടുണ്ട്. വ്യവസായികളായ എൻ.ആർ.നാരായണമൂർത്തി, സൈറസ് പൂനാവാല, മെട്രോമാനും എൻജിനീയറും ആയ ഇ ശ്രീധരൻ എന്നിവരും മുൻ വർഷങ്ങളിൽ ലോക്മാന്യ തിലക് അവാർഡ് ലഭിച്ചിട്ടുള്ള ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്.
Discussion about this post