ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ മതതീവ്രവാദികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തി ഡൽഹിയിലെ അതിർത്തി മേഖലകൾ. ഹരിയാനയുമായി ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവുമാണ് പോലീസ് തുടരുന്നത്. ഗുരുഗ്രാമിൽ നടക്കുന്ന സംഘർഷം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ രാത്രി കാലങ്ങളിൽ ഉൾപ്പെടെ പട്രോളിംഗ് നടത്തുന്നുണ്ട്. ഏത് സാഹചര്യവും നേരിടാൻ സേന തയ്യാറാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. വിവിധ മതവിഭാഗങ്ങൾ ഒന്നിച്ച് കഴിയുന്ന പ്രദേശങ്ങളിൽ അടിക്കടി പോലീസ് എത്തി സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നിരീക്ഷണത്തിനായി ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ മത നേതാക്കളുമായി പോലീസ് നിരന്തരം ചർച്ചകൾ തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി അതിർത്തി മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വാഹന പരിശോധന ഉൾപ്പെടെ കർശനമായി നടപ്പിലാക്കിവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post