തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ എസ്എൻഡിപി ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു വിശ്വാസത്തെയും ഒരു വിഭാഗത്തെയും മാത്രം ഹനിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തുന്നത് തെറ്റാണെന്ന് തന്നെയാണ് നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടങ്ങളിലായി മോശമായ മുദ്രാവാക്യം വിളികളാണ് ഹിന്ദുക്കൾക്ക് നേരെയുണ്ടായത്. ആരെയും കൊല്ലാനും കത്തിക്കാനുമൊന്നും എൻഎസ്എസും എസ്എൻഡിപിയും ആഹ്വാനം ചെയ്യാറില്ല.
ഗണപതി എന്നത് താൻ ആരാധിക്കുന്ന ദൈവമാണ്. ആ ദൈവത്തെക്കുറിച്ച് മോശം പറയേണ്ടകാര്യമില്ല. തങ്ങളാരും നബിയെക്കുറിച്ചോ, ക്രിസ്തു ദേവനെക്കുറിച്ചോ മോശമായി സംസാരിക്കുന്നില്ല. ഇവരെല്ലാം മിത്താണെന്ന് ആരും പറയാൻ നിൽക്കുന്നില്ലാലോ. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്. എസ്എൻഡിപി എന്നും ഹിന്ദുക്കൾക്കൊപ്പമാണെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.












