നൂഹ്: ഹരിയാനയിലെ നൂഹിൽ ഇസ്ലാമിക മൗലികവാദികൾ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ശക്തമായ ഇടപെടലുമായി ഭരണകൂടം. കലാപകാരികൾ ആക്രമണം അഴിച്ചുവിട്ട നൂഹിലും ബാദ്ഷാപൂരിലും ദ്രുതകർമ സേന ഫ്ലാഗ് മാർച്ച് നടത്തി. നൂഹ്, ഫരീദാബാദ്, പൽവാൾ, ഗുരുഗ്രാം എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ആക്രമണം നടന്ന നൂഹിൽ ജൂലൈ 31 അർദ്ധരാത്രി മുതൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി വിച്ഛേദിച്ചിട്ടുണ്ട്. അക്രമം നൂഹിൽ നിന്നും ബാദ്ഷാപൂരിലേക്കും വ്യാപിപ്പിക്കാൻ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് അധികൃതർ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. സംഭവം ദൗർഭാഗ്യകരമാണ്. ഒരു വിഭാഗം സംഘടിപ്പിച്ച യാത്രകൾക്ക് നേരെ മറുവിഭാഗം സംഘടിതമായി ആക്രമണം അഴിച്ച് വിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് 44 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തതായും 70 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
പതിനാറ് കമ്പനി കേന്ദ്ര സേനയെയും ഹരിയാന പോലീസിന്റെ ഇരുപത് കമ്പനി റിസർവ് ഗാർഡുകളെയും കലാപ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
Discussion about this post