ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ ഒരു പ്രതിയെ കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസാണ് എൻ ഐ എയുടെ പിടിയിലായിരിക്കുന്നത്. ഭീകരാക്രമണം നടത്താൻ ഇയാൾ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ.
2022 ഒക്ടോബർ 23ന് കോയമ്പത്തൂരിലെ പുരാതനമായ ഉക്കടം അരുൾമിഗു കോട്ടൈ സംഗമേശ്വർ തൃക്കോവിൽ ക്ഷേത്രത്തിന് മുന്നിൽ ഐ ഇ ഡി നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഭീകരൻ ജമേഷ മുബീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജമേഷ മുബീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന മുഹമ്മദ് ഇദ്രിസ്. സ്ഫോടനം നടത്തുന്നതിനായി ഗൂഢാലോചന നടത്തുകയും രഹസ്യ കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നതിൽ ഇദ്രിസിനും സുപ്രധാന പങ്കുണ്ടായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്ര ആശയങ്ങളാണ് പ്രതികൾക്ക് പ്രചോദനമായതെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബു അൽ ഹസൻ അൽ ഹാഷിമി അൽ ഖുറേഷിയുടെ സ്വാധീനത്തിലാണ് ഇവർ ആക്രമണം സംഘടിപ്പിച്ചതെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കേസെടുത്ത ഉക്കടം പോലീസ് 2022 ഒക്ടോബർ 27ന് അന്വേഷണം എൻ ഐ എക്ക് കൈമാറി. 2023 ഏപ്രിൽ 20നും ജൂൺ 23നും കേസിലെ അഞ്ചും ആറും പ്രതികൾക്കെതിരെ ചെന്നൈയിലെ എൻ ഐ എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
Discussion about this post