ന്യൂഡല്‍ഹി : മണിപ്പൂര്‍ വംശീയ കലാപത്തില്‍ ഇതുവരെയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ അനധികൃത നുഴഞ്ഞു കയറ്റക്കാരുടേതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനോടാണ് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍.
118 അജ്ഞാത മൃതദേഹങ്ങളാണ് നിലവില്‍ ഇംഫാല്‍ മോര്‍ച്ചറിയില്‍ ഉള്ളത്. ഇവയില്‍ ഭൂരിഭാഗവും പ്രത്യേക ഉദ്ദേശവുമായി രാജ്യത്തിനകത്ത് അനധികൃതമായി പ്രവേശിച്ചവരുടേതാണെന്നും ഈ വിഷയത്തില്‍ കുടുതല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സോളിസ്റ്റര്‍ ജനറല്‍ അറിയിച്ചു. മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് മണിപ്പൂരില്‍ അശാന്തി സൃഷ്ടിക്കുന്നതില്‍ പ്രധാന ഘടകമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറിന്റെ വാദങ്ങളോട് പ്രതികരിക്കവേയാണ് എസ്. ജി. ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആക്രമിക്കപ്പെടുന്നവരില്‍ കൂടുതല്‍ ഇന്ത്യന്‍ ജനതയാണെന്നും അതിനാല്‍ തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷികമാണെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
ഇംഫാല്‍ മോര്‍ച്ചറിയിലുള്ള 118 മൃതദേഹങ്ങളില്‍ മിക്കതും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ഉള്ളത്. അവ തിരിച്ചറിയാനായി തങ്ങള്‍ക്ക് ആരുടെയും സഹായം ലഭിക്കുന്നില്ല. ഗോത്ര സമൂഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ ഉന്നയിച്ചു.
ഈ മൃതദേഹങ്ങള്‍ അനിശ്ചിതമായി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം ഈ പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തണം. അതുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദശിച്ചു. കൂടാതെ മരിച്ചവരെ തിരിച്ചറിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനായി നോഡല്‍ ഓഫീസറെ നിയമിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 7 ന് ഹര്‍ജി വീണ്ടും പരിഹരിക്കും.
Discussion about this post