മുംബൈ : പ്രശസ്ത കലാസംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെയാണ് സ്വന്തം സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസ്സായിരുന്നു. മഹാരാഷ്ട്ര കര്‍ജാത്തിലുള്ള നിതിന്‍ ദേശായിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യായാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ബാധ്യതകള്‍ നിതിന്‍ ദേശായി നേരിട്ടിരുന്നു.
കലാ സംവിധാനത്തിന് നാല് തവണ ദേശീയ പുരസ്‌കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി പ്രശസ്തമായ ഹിന്ദി, മറാഠി ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലഗാന്‍, ദേവദാസ്, സ്ലംഡോഗ് മില്ല്യണര്‍, ബാജിറാവു മസ്താനി, ജോധാ അക്ബര്‍, ഹം ദില്‍ ദേ ചുകേ സനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. രണ്ട് പതിറ്റാണ്ടിലേറെയായി കലാ സംവിധാന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നിതിന്‍ ദേശായി പ്രശസ്ത സംവിധായകരായ അശുതോഷ് ഗോവരിക്കര്‍, സഞ്ജയ് ലീലാ ബന്സാലി, വിധു വിനോദ് ചോപ്ര തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അശുതോഷ് ഗോവരിക്കറുടെ 2019 ല്‍ പുറത്തിറങ്ങിയ പാനിപത് എന്ന സിനിമയിലാണ് നിതിന്‍ ദേശായി അവസാനമായി കലാ സംവിധാനം നിര്‍വഹിച്ചത്.
Discussion about this post