അഹമ്മദാബാദ് : 20 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇസ്‌മെയിൽ യൂസഫ് ഹജാത്തിന് വധശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ശകുന്തള സോളങ്കിയാണ് ശിക്ഷ വിധിച്ചത്. ഇത് കൂടാതെ ഇരയുടെ കുടുംബത്തിന് പ്രതി 10 ലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.
ഫെബ്രുവരി 27 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അച്ഛന്റെ സുഹൃത്താണ് ഇസ്‌മെയിൽ. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. തുടർന്ന് ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷമാണ് കപ്ലേത ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും ഇസ്‌മെയിൽ ഒളിവിൽ പോയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി 28 ന് സൂറത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇസ്‌മെയിലിനെ കണ്ടെത്തിയത്. ഐപിസി സെക്ഷൻ 302, 376 എബി, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ഇത് കൂടാതെ ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.
Discussion about this post