മുംബൈ : മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ പുതിയ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ ലവ് ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മാര്‍ഗ്ഗ നിർദ്ദേശ പത്രിക തയ്യാറാക്കാൻ ഡിജിപിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹത്തിന്റെ മറവിൽ മത പരിവർത്തനം നടത്തുന്ന കേസുകളിൽ വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും പോലീസിന്റെ പ്രതികരണം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുന്‍ സ്പീക്കര്‍ ഹരിഭവു ബാഗ്ധെ അവതരിപ്പിച്ച പ്രമേയത്തിന് മറുപടിയായാണ് ഫട്നാവിസ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ലൗ ജിഹാദ് തടയുന്നതിനായി കൊണ്ടു വന്ന നിയമനിർമ്മാണങ്ങൾ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പഠിച്ചു വരികയാണെന്നും മഹാരാഷ്ട്രയിലും സമാനമായ രീതിയിലുള്ള നിയമം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയാണ് പലപ്പോഴും സ്ത്രീകളെ മതം മാറ്റി വിവാഹം ചെയ്യുന്നത്. ഇത് കൈകാര്യം ചെയ്യുന്നതിനാണ് പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ആവശ്യപെടുന്നത്. ഈ വിഷയത്തിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും ബോധവൽക്കരണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും ഫട്നാവിസ് അറിയിച്ചു.
Discussion about this post