ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ തുടരാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. അതേസമയം താൻ കുറ്റക്കാരനല്ലെന്നും മോദി സമുദായത്തോട് മാപ്പ് പറയില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഗുജറാത്ത് മുൻ മുഖ്യമന്ത്രി പൂർണേഷ് മോദി, സംസ്ഥാന സർക്കാർ എന്നിവരിൽ നിന്നും സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു. ഇത് പ്രകാരം വിഷയത്തിൽ ഇവർ കോടതി മുൻപാകെ അഭിപ്രായം ബോധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്. കേസിൽ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടേക്കുമെന്നാണ് സൂചന.
അപകീർത്തി കേസിൽ രാഹുലിനെതിരെ വിചാരണ നടത്താൻ സൂറത്ത് കോടതിയായിരുന്നു ഉത്തരവിട്ടത്. ഇതിന് പുറമേ കോടതി അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. രണ്ട് വർഷം തടവായിരുന്നു അന്ന് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
കേസിന്റെ ഭാഗമായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മാപ്പ് പറയില്ലെന്ന് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്. ക്ഷമ ചോദിക്കില്ല. താനൊരു കുറ്റവും ചെയ്തിട്ടില്ല. മാപ്പ് പറയണമെങ്കിൽ അത് നേരത്തെ തന്നെ ആകാമായിരുന്നു എന്നും സത്യവാങ്മൂലത്തിൽ രാഹുൽ പറഞ്ഞിട്ടുണ്ട്.
Discussion about this post