ഷിംല : കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം അഭ്യർത്ഥിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ന്യൂഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കനത്ത മഴയിൽ സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചു.
അടുത്തിടെ പെയ്ത കനത്ത മഴയിൽ ഹിമാചൽ പ്രദേശിന് വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു മോദിയെ അറിയിച്ചിട്ടുണ്ട്. അടുത്തിടെ പെയ്ത കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ നിരവധി ഹൈവേകൾ, ലിങ്ക് റോഡുകൾ, വൈദ്യുത പദ്ധതികൾ , ജലസേചന-ജലവിതരണ പദ്ധതികൾ എന്നിവ നശിച്ചിട്ടുണ്ട്. വലിയ അളവിൽ പൊതു-സ്വകാര്യ സ്വത്തുക്കൾക്കും കനത്ത നാശനഷ്ടമുണ്ടായതായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തെ ലാർജി പദ്ധതിക്കുണ്ടായ നഷ്ടത്തെക്കുറിച്ചും സുഖ്‌വീന്ദർ സിംഗ് സുഖു പ്രധാനമന്ത്രിയെ ബോധിപ്പിച്ചു. ദുരിതാശ്വാസത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി ഹിമാചൽപ്രദേശിന് കേന്ദ്രത്തിൽ നിന്ന് അടിയന്തര ധനസഹായം വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക കെടുതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ സംഘത്തെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ടെന്നും സംഘം റിപ്പോർട്ട് സമർപ്പിച്ചാലുടൻ സാമ്പത്തിക സഹായം നൽകാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സുഖ്‌വീന്ദർ സിംഗ് സുഖുവിനെ അറിയിച്ചു.
സംസ്ഥാനത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി സുഖ്‌വീന്ദർ സിംഗ് സുഖു കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
Discussion about this post