ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് സഘർഷം നടത്താൻ അക്രമികൾ മാസങ്ങൾക്ക് മുൻപ് പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുന്നിന് മുകളിൽ നിന്നാണ് വെടിവെപ്പ് നടന്നത്. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് സാധാരണക്കാർക്ക് നേരെ കല്ലേറുണ്ടായി. അക്രമികളുടെ കൈയ്യിൽ ലാത്തിയുണ്ടായിരുന്നു. ഇത് എല്ലാവർക്കും സൗജന്യമായി ആരോ നൽകിയതാണെന്ന് സംശയിക്കുന്നു. കൈയ്യിൽ തോക്കുമേന്തിയാണ് ചിലർ എത്തിയത്. ഇതെല്ലാം പെട്ടെന്ന് ലഭ്യമാകുന്ന സാധനങ്ങളല്ല, മാസങ്ങളുടെ തയ്യാറെടുപ്പുകൾ ഇതിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നൂഹ് സംഘർഷത്തിൽ ഉൾപ്പെട്ട ക്രിമിനലുകളുടെ വീടുകൾ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയാണ്. ഇത് ഒരു ചികിത്സയുടെ ഭാഗമാണ് എന്നാണ് മന്ത്രി പറഞ്ഞത്.
നൂഹിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ അക്രമികൾ ലക്ഷ്യം വെച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സംഭവം വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് വിജ് പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിച്ചത് ആരാണെന്നും ഏതൊക്കെ രേഖകളാണ് നശിപ്പിക്കാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post