കണ്ണൂർ: കണ്ണൂരിൽ ഓണവിപണി ലക്ഷ്യമിട്ട് തൊഴിലുറപ്പുകാർ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കൾ വ്യാപകമായി മോഷ്ടിക്കപ്പെട്ടതായി പരാതി. ആറളം ഫാമിലെ രണ്ടേക്കറോളം സ്ഥലത്തെ പൂക്കളാണ് അജ്ഞാതർ മോഷ്ടിച്ചത്. കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളായ ആദിവാസി സ്ത്രീകളും ചേർന്നൊരുക്കിയ തോട്ടത്തിലായിരുന്നു മോഷണം.
രണ്ടര ഏക്കർ തോട്ടത്തിലെ പൂക്കളും മൊട്ടുകളും പൂർണമായും കടത്തിക്കൊണ്ട് പോയി. രണ്ട് ക്വിന്‍റലോളം പൂക്കളാണ് മോഷ്ടിക്കപ്പെട്ടത് എന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തൽ.












