ടെഹ്‌റാൻ: ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകൾക്കെതിരെ ക്രൂരശിക്ഷാ നടപടികളുമായി ഇറാൻ കോടതി. ഹിജാബ് ധരിക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ട സ്ത്രീയെ മോർച്ചറിയിലെ മൃതദേഹങ്ങൾ വൃത്തിയാക്കാൻ വിധിച്ചിരിക്കുകയാണിപ്പോൾ. ഒരു മാസത്തേക്കാണ് ശിക്ഷാവിധി. ഹിജാബ് ധരിക്കാൻ കൂട്ടാക്കാത്തവർക്ക് മാനസികരോഗത്തിന് ചികിത്സ നൽകുന്നതിന് പുറമേയാണ് മോർച്ചറിയിലെ മൃതദേഹങ്ങൾ വൃത്തിയാക്കുന്ന ജോലിയും നൽകുന്നത്.
ഇതിന് മുൻപ് കൃത്യമായ രീതിയിൽ ഹിജാബ് ധരിക്കാതെ എത്തിയ നടിമാർക്ക് ഇറാൻ ഭരണകൂടം തടവ് ശിക്ഷയും മാനസികരോഗചികിത്സയും വിധിച്ചിരുന്നു. കഴിഞ്ഞ മാസമാണ് രാജ്യത്തെ ഹിജാബ് നിയമങ്ങൾ വീണ്ടും കർശനമാക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സ്ത്രീകൾ ഹിജാബ് ധരിക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ഭരണകൂടം മതാചാര പൊലീസിന് നിർദേശം നൽകി. മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന് 10 മാസത്തിനുശേഷമാണ് മതാചാര പോലീസ് വീണ്ടും ഇറാൻ നിരത്തുകളിൽ സജീവമാകുന്നത്. തെഹ്‌റാനിൽ ഉൾപ്പെടെ നിരത്തുകളിൽ മതാചാര പോലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.
കഴിഞ്ഞ സെപ്തംബറിലാണ് ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതാചാര പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി (22) കസ്റ്റഡിയിലിരിക്കെ മരിച്ചത്. തുടർന്ന് മതനിയമങ്ങളും സ്ത്രീകൾക്കുമേലുള്ള വിലക്കുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് സ്ത്രീകൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ലോകശ്രദ്ധ നേടിയ പ്രക്ഷോഭത്തെ പോലീസ് അടിച്ചമർത്തി. അഞ്ഞൂറിൽപ്പരം പേർ കൊല്ലപ്പെട്ടു. 20,000 പേരെ കസ്റ്റഡിയിലെടുത്തു.
Discussion about this post