ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കോഴ വാങ്ങി ജോലി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടെ ഓഗസ്റ്റ് 12 വരെ ബാലാജിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാൻ കോടതി ഇഡിക്ക് അനുവാദം നൽകി.
നേരത്തേ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനെതിരെ ബാലാജിയും ഭാര്യ മേഖലയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇവരുടെ അപേക്ഷ നിരാകരിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും എം എം സുന്ദരേശും അടങ്ങുന്ന സുപ്രീം കോടതിയുടെ ബെഞ്ച് ശരിവെക്കുകയായിരുന്നു.
സി ആർ പി സി 167(2) പ്രകാരം പോലീസിന് മാത്രമല്ല ഒരാളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനുള്ള അധികാരം എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ഹേബിയസ് കോർപ്പസ് ഹർജികൾ അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.










