കൊളംബോ: ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുകയും പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുകയും ചെയ്യാനുള്ള സുപ്രധാന പദ്ധതിക്കായി ചൈന- പാകിസ്താൻ കൺസോർഷ്യത്തിന് നൽകിയിരുന്ന ടെണ്ടർ റദ്ദാക്കി ശ്രീലങ്ക. പകരം ഇന്ത്യൻ കമ്പനിക്ക് ടെണ്ടർ നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി. ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഇന്ധന വിതരണത്തിലെ ചിലവ് കുറയ്ക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്കായി അന്താരാഷ്ട്ര ടെണ്ടറിലൂടെ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ചൈന പാകിസ്താൻ എൻഗ്രോ കൺസോർഷ്യത്തെ ശ്രീലങ്ക തിരഞ്ഞെടുത്തത്. എന്നാൽ ഈ ടെണ്ടർ റദ്ദാക്കുകയാണെന്ന് ശ്രീലങ്കയുടെ ഊർജ്ജ വകുപ്പ് മന്ത്രി കാഞ്ചന വിജേശേഖര കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.
ശ്രീലങ്കയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കങ്ങളിൽ ചൈനക്ക് മേൽ ഇന്ത്യ നേടിയ സുപ്രധാനമായ വിജയമാണ് ഇതെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്ത് ഇന്ത്യ നൽകിയ ഉദാരമായ സാമ്പത്തിക പിന്തുണയ്ക്കുള്ള പ്രത്യുപകാരമാണ് ശ്രീലങ്കയുടെ ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ദ്വിദിന ഇന്ത്യാ സന്ദർശനം പൂർത്തിയായി ഒരു മാസം തികയുന്നതിന് മുൻപേയാണ് ദ്വീപുരാഷ്ട്രത്തിൽ നിന്നും ചൈനക്ക് വൻ തിരിച്ചടി ഏറ്റത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇന്ത്യയുമായുള്ള സഹകരണം ദീർഘകാലാടിസ്ഥാനത്തിൽ പുനർനിർണയിക്കാൻ താൻ ആഗ്രഹിക്കുന്നതായി അന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.
വിക്രമസിംഗെയുടെ ഇന്ത്യാ സന്ദർശനം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് നാന്ദി കുറിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രതിരോധ മേഖലയിലും വികസന സഹകരണത്തിലും പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചിരുന്നു.









