കൊച്ചി: പ്രമുഖ തെരുവ നായ സംരക്ഷകയും മാഡ് ഡോഗ് ട്രസ്റ്റ് സ്ഥാപകയുമായ സാറ പെനിലോപ് കോക്ക് സാമ്പത്തിക തട്ടിപ്പിന് ഇരയായി. ഉയര്‍ന്ന പലിശ നല്‍കാമെന്ന പേരില്‍ പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദ് കൈക്കലാക്കിയത് ഏഴര കോടിയോളം രൂപ. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജന്മനാട്ടിലേക്ക് തിരികെ പോകാന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍.
ലണ്ടനിൽ നിന്ന് 2007 ലാണ് സാറയും ഭർത്താവും കേരളത്തിലെത്തിയത്. മൃഗങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ദമ്പതികളുടെ ലക്ഷ്യം. തെരുവ് നായ്ക്കൾക്ക് വേണ്ടി ‘മാഡ് ടോഗ് ട്രസ്റ്റ് ‘ രൂപീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. മൂന്ന് വർഷം കഴിഞ്ഞപ്പോൾ സാറയുടെ ഭർത്താവിന്റെ മരണശേഷം വിസ പുതുക്കി കൊച്ചിയിൽത്തന്നെ അവർ താമസമാക്കി. അതിനിടെ ലണ്ടനിലെ സാറയുടെ വീട് വിറ്റു. ഉയർന്ന പലിശ നൽകാം എന്ന് പറഞ്ഞു പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദ് സാറയിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിടപാടിലൂടെയാണ് പണം നൽകിയത്. ഒൻപത് വർഷം കഴിഞ്ഞിട്ടും പറഞ്ഞ പലിശയോ നൽകിയ പണമോ തിരിച്ചു കൊടുത്തില്ല എന്നാണ് സാറ പറയുന്നത് .
പണം തിരികെ കിട്ടാൻ നിരവധി പരാതികൾ നൽകി പക്ഷെ ഫലം ഉണ്ടായില്ല. വിസ കാലാവധി കഴിയാറായതിനാൽ അത് പുതുക്കാൻ പോലും പണമില്ല, സാറ പറയുന്നു. കടം വാങ്ങിയാണ് അവരിപ്പോൾ താമസിക്കുന്നത് . വിദേശ വനിതയുടെ പരാതിയിൽ യാഹിയ ഖാലിദിനെതിരെ കേസെടുക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു.
Discussion about this post