ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഖ്യത്തിന്റെയും സമുദ്ര സഹകരണത്തിന്റെയും ഭാഗമായി ഇരു രാജ്യങ്ങളുടെയും നാവികസേനയുടെ യുദ്ധകപ്പലുകൾ പാസേജ് എക്സർസൈസ് നടത്തി. ഇതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച ഗൈഡഡ് മിസൈൽ നശീകരണക്കപ്പലായ ഐഎൻഎസ് ചെന്നൈ കഴിഞ്ഞദിവസം ജിദ്ദ തുറമുഖത്ത് എത്തിയിരുന്നു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനായിരുന്നു ഐഎൻഎസ് ചെന്നൈയുടെ ജിദ്ദ സന്ദർശനം. സൗദിയിലെ റോയൽ നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് ഐഎൻഎസ് ചെന്നൈയ്ക്ക് സ്വീകരണം നൽകിയത്.
ആഗോളതലത്തിലുള്ള സമുദ്ര സുരക്ഷ ദൗത്യങ്ങൾക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യ-സൗദി അറേബ്യ നാവികസേനകൾ തമ്മിലുള്ള സമുദ്രസഹകരണം എന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ചെങ്കടലിലെ തന്ത്രപരമായ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ് ഐഎൻഎസ് ചെന്നൈ.
Discussion about this post