ന്യൂഡൽഹി: പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ച ആരംഭിക്കുന്നതിന് മുന്നേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് തങ്ങളെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥയാണ്. കൂട്ടത്തിൽ നിന്ന് ആരൊക്കെ ഒറ്റും എന്നറിയാനുള്ള പ്രതിപക്ഷത്തിന്റെ അടവാണ് അവിശ്വാസ പ്രമേയമെന്ന് ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ചിലർ പറയുന്നത് രാജ്യസഭയിലെ വോട്ടിംഗ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആണെന്നാണ്. അത് ആര് പറഞ്ഞതായാലും അവർക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ രാജ്യസഭയിൽ പരിധി വിട്ട് പെരുമാറിയതിന് തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാനെ ഉപരാഷ്ട്രപതി സസ്പെൻഡ് ചെയ്തു. ഒബ്രിയാൻ പതിവായി സഭാനടപടികൾ തടസ്സപ്പെടുത്തുകയാണെന്നും സഭാനാഥനെ വകവെക്കുന്നില്ലെന്നും സഭയിൽ ബഹളം വെക്കുന്നുവെന്നും കാട്ടി ബിജെപിയുടെ രാജ്യസഭാ നേതാവ് പിയൂഷ് ഗോയലാണ് സസ്പെൻഷൻ ആവശ്യപ്പെട്ടത്.
ഡെറിക് ഒബ്രിയാനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭാ നടപടികൾ താത്കാലികമായി നിർത്തി വെച്ചു. നേരത്തേ, സഭാനാഥന്റെ നിർദേശങ്ങൾ ലംഘിച്ചതിന് ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിംഗിനെയും സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post