ന്യൂഡല്‍ഹി : ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ ഒരു ഉഭയകക്ഷി സംഘം ഇന്ത്യയിലേക്ക് എത്തും. ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റോ ഖന്നയും കോണ്‍ഗ്രസുകാരനായ മൈക്കല്‍ വാള്‍ട്സുമാണ് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഉഭയകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഇന്ത്യയെയും ഇന്ത്യന്‍ അമേരിക്കക്കാരെയും കുറിച്ചുള്ള ഉഭയകക്ഷി കോണ്‍ഗ്രസ്സ് കോക്കസിന്റെ കോ-ചെയര്‍മാന്‍മാരാണ് ഇരുവരും. യാത്രയുടെ വിശദവിവരങ്ങള്‍ അടങ്ങിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘ഇന്ത്യയിലേക്ക് ഒരു ഉഭയകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും സാധിക്കുന്നത് അഭിമാനകരമാണ്. എന്റെ മുത്തച്ഛന്‍ അമര്‍നാഥ് വിദ്യാലങ്കര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആളാണ്. അദ്ദേഹം നാല് വര്‍ഷം ഗാന്ധിജിയുടെ കൂടെ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അതിനാല്‍, ഇത് എനിക്ക് വളരെ വ്യക്തിപരവും അഭിമാനകരവുമായ യാത്രയാണ്. കൂടാതെ യുഎസ്-ഇന്ത്യ ബന്ധത്തിന് ഇതൊരു ചരിത്ര നിമിഷം കൂടിയാണ്’, ഖന്ന പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ക്യാബിനറ്റ് മന്ത്രിമാര്‍, ബിസിനസ്, ടെക്, ക്രിക്കറ്റ്, ബോളിവുഡ് സെലിബ്രിറ്റികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ യാത്ര നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും പങ്കാളിത്തവും ആഴത്തിലാക്കുകയും കാര്‍ബണൈസേഷന്‍, ഡിജിറ്റൈസേഷന്‍, സാമ്പത്തിക പങ്കാളിത്തം, പ്രതിരോധ ബന്ധങ്ങള്‍, ബഹുസ്വരത, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യും’, ഖന്ന പറയുന്നു.
ആഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലെ ചടങ്ങില്‍ ഇവര്‍ പങ്കെടുക്കും. പിന്നീട് മുംബൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഖന്നയ്ക്കും വാള്‍ട്ട്സിനും ഒപ്പം നിയമനിര്‍മ്മാതാക്കളായ 6 പേര്‍ കൂടി അടങ്ങുന്നതാണ് സംഘം.
‘അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെന്ന നിലയില്‍ ഒരു ഉഭയകക്ഷി പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് നയിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ ബന്ധങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, ഖന്ന പറഞ്ഞു.
കൂടാതെ യുഎസ്-ഇന്ത്യ ബന്ധം 21-ാം നൂറ്റാണ്ടിന്റെ നിര്‍ണായകമായ ഒന്നായിരിക്കും. ഏഷ്യയിലെ ബഹുധ്രുവീകരണം ഉറപ്പാക്കുന്നതിലും ചൈനയുടെ മേധാവിത്വം നിഷേധിക്കുന്നതിലും ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
ഈ വര്‍ഷമാദ്യം കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന ചരിത്രപ്രസിദ്ധമായ യുഎസ്-ഇന്ത്യ ഉച്ചകോടിക്ക് റോ ഖന്നയും മൈക്കല്‍ വാള്‍ട്‌സും ആതിഥേയത്വം വഹിച്ചിരുന്നു.
Discussion about this post