ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് സുപ്രീം കോടതി അഭിഭാഷകൻ ആദിത്യ ഭാരത് മനുബർവാല രംഗത്ത്. ഇന്ത്യൻ സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ ഏകീകൃത സിവിൽ കോഡിന് കഴിയുമെന്ന് ആദിത്യ ഭാരത് മനുബർവാല അഭിപ്രായപ്പെട്ടു. കെഎൽ സർവകലാശാലയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കവേ ആണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
ഏകീകൃത സിവിൽ കോഡ് സ്ത്രീകളുടെ അവകാശങ്ങൾക്ക് തുല്യത കൊണ്ടുവരുമെന്നും മതേതരത്വത്തിന് ശക്തി പകരുമെന്നും മനുബർവാല വ്യക്തമാക്കി. നിരവധി മതങ്ങളുടെയും വ്യത്യസ്ത ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വ്യത്യസ്തതകളുടെയും നാടാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ഇന്ത്യയിൽ നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡ് വരുന്നതോടെ സ്വത്ത് കൈമാറ്റം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മതവും സാമൂഹിക വശങ്ങളും പരിഗണിക്കാതെ എല്ലാവർക്കും ഒരേ നിയമം നടപ്പിലാകും എന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഏകീകൃത ക്രിമിനൽ നടപടിക്രമ കോഡിന്റെ മാതൃകയിലാണ് യുസിസിയുടെ കരട് തയ്യാറാക്കിയിരിക്കുന്നതെന്നും ആദിത്യ ഭാരത് മനുബർവാല പറഞ്ഞു. ചടങ്ങിനു ശേഷം നിയമവിദ്യാർത്ഥികളുടെ ഭാവി പദ്ധതികളെക്കുറിച്ച് കെഎൽ ലോ കോളേജിലെ ഫാക്കൽറ്റിയുമായി മനുബർവാല ചർച്ച നടത്തി . കെഎൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ജി.പാർത്ഥസാരധി വർമ്മ, പ്രോ വൈസ് ചാൻസലർ ഡോ. എ.വി.എസ്. പ്രസാദ്, പ്രൊഫസർ സിദ്ദിഖ്, ഡോ. എൻ. വെങ്കട്ട് റാം, രജിസ്ട്രാർ ഡോ. കെ. സുബ്ബറാവു, നിയമവിഭാഗം മേധാവി വിജയ സുധ, പ്രൊഫസർമാരായ ഡോ. ഷൈലജ, കാമസായി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Discussion about this post