കോട്ടയം : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നേക്കാൽക്കോടിയുടെ സ്വർണവും 8 ലക്ഷം രൂപയും കവർന്നു. കോട്ടയം എംസി റോഡിലെ ചിങ്ങവനത്തിന് സമീപമുള്ള മന്ദിരം കവലയിലെ സുധ ഫൈനാൻസിൽ ആണ് വൻ കവർച്ച നടന്നത്. രാവിലെ സ്ഥാപനം തുറക്കാനായി ജീവനക്കാരി എത്തിയപ്പോഴായിരുന്നു കവർച്ച നടന്ന വിവരം പുറത്തറിയുന്നത്.
8 ലക്ഷത്തോളം രൂപയും ഏകദേശം ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണവും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. സ്ഥാപനത്തിൽ സിസി ടിവി ഉണ്ടായിരുന്നെങ്കിലും ഹാർഡ് ഡിസ്ക് ഉൾപ്പെടെ കള്ളൻ കൊണ്ടുപോയിരുന്നു. പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്താണ് സ്വർണ്ണവും പണവും മോഷ്ടിച്ചിട്ടുള്ളത്.
പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായയെ കബളിപ്പിക്കാനായി കള്ളൻ സ്ഥാപനത്തിന് അകത്തും പുറത്തുമായി പലയിടത്തും സോപ്പുപൊടി വിതറിയിട്ടുണ്ടായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയിരിക്കുന്നത് എന്നും അന്വേഷണത്തിനായി ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും കോട്ടയം എസ് പി കെ കാർത്തിക് അറിയിച്ചു.
Discussion about this post