മറയൂർ : കേരള വനം വകുപ്പിന്റെ മറയൂർ ഡിവിഷനിൽ ചന്ദനത്തിന്റെ തൈകൾക്കും വിത്തിനും വലിയ ഡിമാൻഡ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മറയൂരിൽ മാത്രമാണ് വനം വകുപ്പ് ചന്ദന തൈ വില്പന നടത്തുന്നത്. തൈ ഒന്നിന് 75 രൂപ വെച്ചാണ് വിൽപ്പന. വിത്തിനാണെങ്കിൽ കിലോയ്ക്ക് 2000 രൂപ വരെയാണ് വിലയുള്ളത്.
കേരളത്തിൽ വെള്ളക്കെട്ട് ഇല്ലാത്ത ഒരുവിധം എല്ലാ പ്രദേശങ്ങളിലും വളരാൻ കഴിയുന്ന മരമാണ് ചന്ദനം. ആലപ്പുഴ പോലെ മണ്ണിനടിയിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ചന്ദനത്തിന് വളരാൻ കഴിയുകയില്ല. മഴയില്ലാത്ത സമയങ്ങളിൽ ആണ് ചന്ദനമരം നട്ടുപിടിപ്പിക്കേണ്ടത്. ഒന്നിലധികം തൈകൾ നടുകയാണെങ്കിൽ 10 അടി അകലം വിട്ട് നടേണ്ടതാണ്.
120 വർഷം വരെ ആയുസ്സുള്ള മരങ്ങളാണ് ചന്ദനമരങ്ങൾ. 30 വർഷം കൊണ്ട് തന്നെ ചന്ദനമരം വിളവെടുക്കാൻ പാകത്തിൽ മൂപ്പെത്തും. ഗുണവും മണവും അനുസരിച്ച് കിലോയ്ക്ക് 2500 മുതൽ 20000 വരെ വിലയുണ്ട് ചന്ദനത്തടിക്ക്. ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും പോലെയുള്ള വളങ്ങൾ നൽകിയാൽ മികച്ച ഗുണനിലവാരമുള്ള ചന്ദനം ലഭിക്കുന്നതാണ്.
മൂപ്പെത്തിയ ഒരു ചന്ദന മരത്തിന് ഏകദേശം നാല് ലക്ഷം രൂപ വരെ വില ലഭിക്കുന്നതാണ്. ചന്ദനം വിൽക്കുന്നതിനായി വനം വകുപ്പിന്റെ ബന്ധപ്പെട്ട റേഞ്ച് ഓഫീസർക്ക് നേരത്തെ തന്നെ അപേക്ഷ നൽകേണ്ടതാണ്. തുടർന്ന് മരം വേരോടെ പറിച്ചെടുത്ത് മറയൂർ ഡിപ്പോയിൽ എത്തിച്ച് ഇ-ലേലം വഴി വില്പന നടത്തുന്നതാണ്. ഗതാഗത ചെലവും മറ്റുമായി ലേലത്തുകയുടെ അഞ്ചു ശതമാനം തുക വനം വകുപ്പ് ഈടാക്കിയ ശേഷം ബാക്കി തുക മരത്തിന്റെ ഉടമസ്ഥന് ലഭിക്കുന്നതാണ്.
Discussion about this post