എറണാകുളം: ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് സിദ്ദിഖിന്റെ വിയോഗ വാർത്ത മാദ്ധ്യമങ്ങളെ അറിയിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതൻ ആയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജൂൺ 16 നായിരുന്നു സിദ്ദിഖിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിൽ നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനായുള്ള ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇത് ആരോഗ്യനില വീണ്ടും വഷളാക്കുകയായിരുന്നു. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു സിദ്ദിഖ് കഴിഞ്ഞ മണിക്കൂറുകളിൽ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ആരോഗ്യനിലയിൽ പുരോഗതി ഇല്ലാതിരുന്നതോടെ ഉപകരണങ്ങൾ പിൻവലിക്കുകയായിരുന്നു.
മലയാളത്തിന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു സിദ്ദിഖ്. നാളെ രാവിലെ ഒൻപത് മണി മുതൽ സിദ്ദിഖിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ വൈകീട്ട് ആറ് മണിയ്ക്ക് എറണാകുളം ജുമാ മസ്ജിദിൽ.
Discussion about this post