ബെയ്ജിംഗ് : ചൈനയിലെ ചെങ്ഡുവിൽ നടക്കുന്ന 31-ാമത് സമ്മർ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതകളുടെ 100 മീറ്റർ സ്പ്രിന്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അത്‌ലറ്റുകൾ റെക്കോർഡ് നേട്ടം സ്വന്തമാക്കിയതിനല്ല, മറിച്ച് 21 സെക്കന്റിൽ 100 മീറ്റർ ഓടിത്തീർത്ത വനിതാ അത്‌ലറ്റിന്റെ പ്രകടനമാണ് ശ്രദ്ധനേടുന്നത്. നസ്‌റ അബൂബക്കർ അലിയാണ് സൊമാലിയയെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുത്തത്. ഇവരെ അന്താരാഷ്ട്ര മത്സരത്തിന് അയച്ചതിന് സൊമാലിയയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
മത്സരത്തിൽ നിരവധി രാജ്യങ്ങളെ പ്രതിനിധീകരിച്ച് അത്‌ലറ്റുകൾ പങ്കെടുത്തിരുന്നു. മറ്റുള്ളവർ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ നസ്‌റ അബൂബക്കർ അത് ചെയ്യാൻ പോലും തയ്യാറായില്ല. തുടർന്ന് മത്സരം തുടങ്ങിയതോടെ എല്ലാവരും ഓടാൻ ആരംഭിച്ചു. ഞൊടിയിടയിലാണ് എല്ലാവരും ഫിനിഷിംഗ് പോയിന്റിലെത്തിയത്. എന്നാൽ നസ്‌റ അബൂബക്കർ അപ്പോഴും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഫിനിഷിംഗ് പോയിന്റിനോട് അടുക്കുമ്പോൾ അവർക്ക് ഓടാൻ കഴിയാതെ വരുന്നത് വീഡിയോയിൽ കാണാം. 21 സെക്കന്റ് എടുത്താണ് ഇവർ നൂറ് മീറ്റർ പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര ഗെയിമുകളിൽ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും മോശം അത്‌ലറ്റ് എന്നാണ് ചിലർ നസ്‌റയെ വിശേഷിപ്പിച്ചത്. ഒട്ടും പരിശീലനം ലഭിക്കാത്ത അത്‌ലറ്റ് എന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ചരിത്രത്തിലെ ‘ഏറ്റവും വേഗത കുറഞ്ഞ ഫിനിഷിംഗ്’ എന്ന റെക്കോർഡ് അവർ സ്ഥാപിച്ചുവെന്നും വിമർശനമുണ്ട്.
The Ministry of Youth and Sports should step down. It's disheartening to witness such an incompetent government. How could they select an untrained girl to represent Somalia in running? It's truly shocking and reflects poorly on our country internationally. pic.twitter.com/vMkBUA5JSL
— Elham Ishmael ✍︎ (@EIshmael_) August 1, 2023
ഇത് സ്വജനപക്ഷപാതമാണ് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സൊമാലിയൻ അത്ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്റിന്റെ മരുമകളാണ് നസ്‌റ എന്നാണ് മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൊമാലിയയിൽ നല്ല കായിക താരങ്ങളുണ്ട്. എന്നാൽ ഇത്രയും പരിശീലനം ലഭിക്കാത്ത ഒരാളെ എന്തിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.













Discussion about this post