ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കി. തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യനാക്കിയത്.
അഞ്ച് വർഷത്തേക്ക് ആണ് അയോഗ്യനാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതിയും നൽകിയിട്ടുണ്ട്. അഴിമതി വിവരം മറച്ചുവച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും കമ്മീഷനെ കബളിപ്പിക്കുകയും ചെയ്തതിനാണ് കേസ് എടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്നും ഇമ്രാന് അയോഗ്യനാക്കിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇമ്രാൻ ഖാന് അഴിമതി കേസിൽ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷത്തെ തടവ് ശിക്ഷയായിരുന്നു വിധിച്ചത്. ഇതിന് പിന്നാലെ ഇമ്രാനെ ലാഹോറിലെ വസതിയിൽ നിന്നും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വർഷം തടവ് ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Discussion about this post