ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനത്തിന് ഏർപ്പെടുത്തിയ നിരോധനം വീണ്ടും നീട്ടി. ഓഗസ്റ്റ് 11 വരെയാണ് നീട്ടിയത്. ജില്ലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം നീട്ടിയതെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നൂഹിലെ നൽഹാർ ക്ഷേത്രത്തിന് സമീപം ജൂലായ് 31 വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയതോടെയായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം ആയത്. അക്രമം വൈകാതെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് ഹോംഗാർഡുകളും ഒരു മതപണ്ഡിതനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെയായിരുന്നു മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 312 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 142 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അനിൽ വിജ് ചൊവ്വാഴ്ച അറിയിച്ചു.
സംസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്നും കലാപം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. കലാപത്തിൽ ഉൾപ്പെട്ടവരെ ജാതിയോ മതമോ പ്രായമോ നോക്കാതെ കർശന നടപടികൾ സ്വീകരിക്കും. അറസ്റ്റിലായവരെല്ലാം ഒരു പ്രത്യേക ജാതിയിലോ സമുദായത്തിലോ ഉള്ളവരല്ല. ഏഴ് മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തു കർഫ്യൂവിൽ ഇളവ് നൽകിയിട്ടുണ്ടെന്നും അത് ക്രമേണ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിൽ സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിലൂടെ സംഘർഷങ്ങളെ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. അത് തടയാൻ വേണ്ടിയാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി സർക്കാർ നിർത്തിവെച്ചത് . ബാങ്കിംഗ്, മൊബൈൽ റീചാർജ് തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.
Discussion about this post