ന്യൂഡല്‍ഹി : അഴിമതിയും കുടുംബവാഴ്ചയും നിറഞ്ഞ പ്രതിപക്ഷം ഇന്ത്യ വിടുക എന്നതാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കും കുടുംബവാഴ്ചയ്ക്കും പ്രീണനത്തിനും എതിരെ ഇന്ത്യ ഇപ്പോള്‍ ഒരേ സ്വരത്തില്‍ സംസാരിക്കുകയാണ്. മഹാത്മാഗാന്ധി ആരംഭിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാജ്യത്തുടനീളം അനുസ്മരണ പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു.
“ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത മഹാന്മാര്‍ക്ക് ആദരാഞ്ജലികള്‍. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഈ പ്രസ്ഥാനം വലിയ പങ്കുവഹിച്ചു. എന്നാലിന്ന്, അഴിമതിയും, കുടുംബവാഴ്ചയും, പ്രീണനവും നിറഞ്ഞ അവര്‍ ഇന്ത്യ വിടാന്‍, ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു”, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിയുടെയും കുടുംബവാഴ്ചയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും ആവര്‍ത്തിച്ച് ആരോപിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യയില്‍ നിന്ന് അവരെ ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.
Discussion about this post