ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി ഇനത്തില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന വിഷയത്തില്‍ സ്വതന്ത്ര അനേഷണത്തിന് മുഖ്യമന്ത്രി തയ്യറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എത്രയും വേഗം സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം. കൂടാതെ വിഷയത്തില്‍ മന്ത്രി റിയാസിന്റെ വിശദീകരണമെന്താണെന്നും മുരളീധരന്‍ ചോദിച്ചു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മുഖ്യമന്ത്രിയുടെ മകള്‍ക്ക് ആലുവയിലുള്ള കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി കിട്ടിയ വാര്‍ത്ത വളരെ ഗുരുതരമാണ്. എന്ത് അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഈ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസം തോറും 8 ലക്ഷം രൂപ കിട്ടിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി വിശദീകരണം. ആദായ നികുതി വകുപ്പ് പറയുന്നത് പ്രമുഖനായ വ്യക്തിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് അവര്‍ ഈ ഇടപാടുകള്‍ നടത്തിയതെന്നാണ്. മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ട്. കമ്പനിയില്‍ നിന്ന് മാസം തോറും പണം വാങ്ങുകയും ഐടി ഇടപാടുമായി ബന്ധപ്പെട്ടാണെന്നു കാണിച്ച് കള്ളരേഖയുണ്ടാക്കുകയും ചെയ്തു”, മുരളീധരന്‍ പറഞ്ഞു.
സിപിഎമ്മിനെ മോദി സര്‍ക്കാര്‍ തൊടില്ല എന്ന ആരോപണം പിന്‍വലിക്കാന്‍ ഈ അവസരത്തില്‍ കോണ്‍ഗ്രസ് തയാറാകണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കരിമണല്‍ കമ്പനിക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്തു എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരണം. ജുഡീഷ്യല്‍ അന്വേഷണമല്ല വേണ്ടത്. സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post