ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ ഏകദിന ലോകകപ്പിലെ എട്ട് മത്സരങ്ങളുടെ ഷെഡ്യൂൾ വീണ്ടും മാറ്റി ഐസിസി. ഒക്ടോബർ 15 ഞായറാഴ്ചയായിരുന്നു അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ പുതുക്കിയ ഷെഡ്യൂൾ പ്രകാരം മത്സരം ഒരു ദിവസം നേരത്തേ, അതായത് ഒക്ടോബർ 14 ശനിയാഴ്ചയായിരിക്കും നടക്കുക. വേദിയിൽ മാറ്റമില്ല.
ഇതിൻ പ്രകാരം, ഒക്ടോബർ 14ന് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാൻ മത്സരം ഒക്ടോബർ 15ലേക്ക് മാറ്റി. ഒക്ടോബർ 12 വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ശ്രീലങ്ക- പാകിസ്താൻ മത്സരം ഒക്ടോബർ 10 ചൊവ്വാഴ്ചയിലേക്കും ഒക്ടോബർ 13ന് നടക്കാനിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം ഒക്ടോബർ 12 വ്യാഴാഴ്ചയിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
ഇതനുസരിച്ച് ഒക്ടോബർ 14ന് ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിൽ ചെന്നൈയിൽ നിശ്ചയിച്ചിരുന്ന പകൽ മത്സരം ഒക്ടോബർ 13 വെള്ളിയാഴ്ച ഡേ നൈറ്റ് മത്സരമായി നടത്തും. ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിൽ ധർമ്മശാലയിൽ നടത്താൻ തീരുമാനിച്ചിരുന്ന പകൽ മത്സരവും ഡേ നൈറ്റ് മത്സരമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ, നവംബർ 12 ഞായറാഴ്ച രണ്ട് മത്സരങ്ങൾ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് നവംബർ 11 ശനിയാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഓസ്ട്രേലിയയും ബംഗ്ലാദേശും തമ്മിൽ പൂനെയിൽ നടക്കുന്ന മത്സരം പകൽ മത്സരവും ഇംഗ്ലണ്ടും പാകിസ്താനും തമ്മിൽ കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഡേ നൈറ്റ് മത്സരവും ആയിരിക്കും.
ഒക്ടോബർ 5 വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുന്നതോടെയാണ് ഈ തവണത്തെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. നവംബർ 19ന് ഇതേ വേദിയിലാണ് ഫൈനൽ.
Discussion about this post