തായ്‌പേയ് സിറ്റി: തായ്‌വാനിൽ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ തുടർന്ന് ചൈന. തായ്‌വാൻ അതിർത്തികളിലേക്ക് യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും അയച്ചാണ് ചൈന പ്രകോപനത്തിനായുള്ള നീക്കം നടത്തുന്നത്. അതിർത്തി ലംഘിക്കാനുള്ള ചൈനയുടെ ശ്രമം തുടരുന്ന സാഹചര്യത്തിൽ തായ്‌വാൻ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
അതിർത്തിയ്ക്ക് സമീപം 33 ചൈനീസ് യുദ്ധ വിമാനങ്ങളും, ആറ് യുദ്ധ കപ്പലുകളും എത്തിയെന്നാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. രാവിലെ ആറ് മണിയോടെയായിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ 10 വിമാനങ്ങൾ തായ്‌വാൻ കടലിടുക്ക് കടന്നിരുന്നു. വ്യോമാതിർത്തി ലംഘിച്ചുവെന്നാണ് കരുതുന്നതെന്നും പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ചൈനീസ് കപ്പലുകളും യുദ്ധ വിമാനങ്ങളും തായ്വാന് സമീപം എത്തുന്നത്. ഇന്നലെയും സമാന രീതിയിൽ വിമാനങ്ങൾ തായ്‌വാന് സമീപം എത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാകുന്നത്. ഞായറാഴ്ചയായിരുന്നു ആദ്യ പ്രകോപന ശ്രമം. ജെ-10, ജെ 19 യുദ്ധ വിമാനങ്ങളും, എച്ച്- 6 ബോംബറുകളും ആണ് എത്തിയത് എന്നാണ് സൂചന. അതേസമയം ചൈനയെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ പ്രതിരോധ മന്ത്രാലയം സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post