ന്യൂഡല്‍ഹി : ആറ് പതിറ്റാണ്ടിലെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചത് വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നെങ്കില്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ജനങ്ങളുടെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിക്കപ്പെട്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദാരിദ്ര്യം ഇല്ലാതാക്കൂ എന്നാണ് കോണ്‍ഗ്രസ് എന്നും പറയുന്നത് എന്നാല്‍ അവര്‍ക്കത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
ജനങ്ങള്‍ക്ക് നേട്ടങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍ യുപിഎ സര്‍ക്കാരും നിലവില്‍ ഭരിക്കുന്ന എന്‍ഡിഎയും തമ്മിലുള്ള ഭിന്നതകള്‍ എടുത്ത് കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യുപിഎക്കെതിരെ ആഞ്ഞടിച്ചത്. ജനങ്ങളെ സ്വപ്‌നം കാണിക്കുക എന്നതായിരുന്നു യുപിഎ സര്‍ക്കാരിന്റെ രീതി. എന്നാല്‍ അവ സാക്ഷാത്കരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ജന്‍ ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ മിഷന്‍, ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്രം തുടങ്ങി സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന ഒരുപാട് പദ്ധതികള്‍ കൊണ്ട് വരാന്‍ മോദി സര്‍ക്കാരിനായെന്നും അവര്‍ വ്യക്തമാക്കി.
‘ദാരിദ്ര്യം തുടച്ച് നീക്കും’ എന്നതായിരുന്നു മുന്‍ കാലങ്ങളില്‍ മുഴങ്ങി കേട്ടിരുന്ന യുപിഎ സര്‍ക്കാരുകളുടെ മുദ്രാവാക്യം എന്നാല്‍ രാജ്യത്തെ പട്ടിണി ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ എന്നും നിര്‍മ്മല ചോദിച്ചു. പൊള്ളയായ വാഗദാനങ്ങളില്‍ നിന്ന് ജനങ്ങളെ മുക്തമാക്കി രാജ്യത്ത് സമ്പൂര്‍ണ്ണ പരിവര്‍ത്തനം കൊണ്ട് വന്നത് നരേന്ദ്രമോദിയാണ്. ‘മിലേഗാ’ എന്ന് പറഞ്ഞയിടത്ത് നിന്നും ‘മില്‍ഗയാ’ എന്ന് പറയുന്നതിലേക്ക് രാജ്യം മാറിയെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് കീഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, ബാങ്കിംഗ് മേഖല, പൊതുവിതരണം തുടങ്ങിയ മേഖലകളില്‍ യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിച്ചുവെന്ന് നിര്‍മ്മല പറഞ്ഞു. 2013 വരെ ഇന്ത്യയെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാലിന്ന് ലോകത്തിലെ തന്നെ അതി വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി കഴിഞ്ഞു. 2022 ല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ മൂന്നു ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2023 ആയപ്പോഴേക്കും അത് 2.1 ആയി കുറഞ്ഞുവെന്നാണ് ലോകബാങ്ക് നല്‍കുന്ന വിവരം. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിന് ശേഷം അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ വികസിത രാജ്യങ്ങളെല്ലാം കഠിന സാമ്പത്തിക പ്രതിസന്ധി നേരിട്ടു. എന്നാല്‍ അപ്പോഴും 7.2 ജിഡിപി വളര്‍ച്ചയോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുന്നേറുകയാണെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ കരകയറിയത് ഫലപ്രദമായ നയങ്ങള്‍ കൊണ്ട് മാത്രമല്ല പുരോഗതിയുടെയും പ്രതിരോധത്തിന്റെയും പാതയില്‍ മുന്നോട്ട് പോകാനുള്ള രാജ്യത്തിന്റെ ദൃഢ നിശ്ചയത്തിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു.
Discussion about this post