ചണ്ഡീഗഡ്: പഞ്ചാബിൽ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. താൻ തരൺ ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
അന്താരാഷ്ട്ര അതിർത്തിവഴിയായിരുന്നു ഭീകരർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഈ സമയം പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു. അതിർത്തിവഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ സേന ഇവരെ വളഞ്ഞു. എന്നാൽ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെയായിരുന്നു പാക് ഭീകരൻ കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയുടെ പ്രതിരോധത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെ മറ്റ് ഭീകരർ തിരികെ രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരർക്കായി പ്രദേശത്ത് പരിശോധന തുടരുകയാണ്.
Discussion about this post