ന്യൂഡൽഹി : സംഘർഷം രൂക്ഷമായിരിക്കുന്ന നൈജറിൽ നിന്നും ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് മടങ്ങി വരാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നൈജറിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി തന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. അക്രമസംഭവങ്ങൾ വർധിക്കുന്നതിനാൽ നൈജറിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിട്ട് മടങ്ങേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ 250 ഓളം ഇന്ത്യക്കാരാണ് നൈജറിലുള്ളത്. കഴിഞ്ഞ മാസം നൈജറിലുണ്ടായ രാഷ്ട്രീയ അട്ടിമറിയെത്തുടർന്ന് വ്യാപകമായ അക്രമങ്ങളും പ്രതിഷേധങ്ങളുമാണ് ഇവിടെ അരങ്ങേറുന്നത്. ജൂലൈ 26 നാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അട്ടിമറിച്ച് ജനറൽ അബ്ദുറഹ്മാൻ ചിയാനി നൈജറിൽ അധികാരം പിടിച്ചെടുത്തത്. തുടർന്ന് ജനറൽ ചിയാനി ദേശീയ കൗൺസിലിന്റെ തലവനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഈ നീക്കം രാജ്യത്തെ വലിയ സംഘർഷാവസ്ഥയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ തന്നെ നൈജറിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് .
നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത എല്ലാ ഇന്ത്യൻ പൗരന്മാരോടും അത് വേഗത്തിൽ ചെയ്യാൻ ശക്തമായി നിർദ്ദേശിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് ഏത് സഹായത്തിനും നിയാമിയിലെ ഇന്ത്യൻ എംബസിയുമായി (+ 227 9975 9975) അടിയന്തരമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നൈജറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ കാത്തിരിക്കണം എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post