ഗുവാഹത്തി: കോൺഗ്രസിനെപ്പോലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഏർപ്പെടാത്ത തനിക്ക് മുസ്ലീം വോട്ടുകൾ വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ വികസിപ്പിക്കാനും അവരുടെ കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിലെ ശൈശവ വിവാഹം അവസാനിപ്പിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എനിക്ക് മുസ്ലീം വോട്ടുകൾ വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് എല്ലാ പ്രശ്നങ്ങളും സംഭവിക്കുന്നത്… ഞാൻ മാസത്തിലൊരിക്കൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ സന്ദർശിക്കുകയും അവരുടെ പരിപാടികളിൽ പങ്കെടുക്കുകയും ആളുകളെ കാണുകയും ചെയ്യുന്നു, പക്ഷേ ഞാൻ രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല. കോൺഗ്രസുമായുള്ള തങ്ങളുടെ ബന്ധം വോട്ടിന് വേണ്ടിയുള്ളതാണെന്ന് മുസ്ലീങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എനിക്ക് വോട്ട് നൽകരുത്. അടുത്ത 10 വർഷത്തിനുള്ളിൽ നിങ്ങളുടെ പ്രദേശങ്ങൾ ഞാൻ വികസിപ്പിക്കട്ടെ. ശൈശവ വിവാഹ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് ഉറപ്പാക്കണം, മദ്രസകളിൽ പോകുന്നത് നിർത്തണം. പകരം കോളേജുകളിൽ പോകൂ. മുസ്ലീം പെൺമക്കൾക്കായി ഏഴ് കോളേജുകൾ താൻ ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് മുസ്ലീം പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളോ സ്‌കൂളുകളോ നിർമ്മിച്ചിട്ടില്ല. പക്ഷേ അവ വികസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് ശേഷം വോട്ടഭ്യർത്ഥിക്കും. ഇപ്പോൾ അവരോട് വോട്ട് ചോദിച്ചാൽ അത് കൊടുക്കൽ വാങ്ങൽ ബന്ധമായി മാറും, ഇത് ഒരു ഇടപാട് ബന്ധമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
Discussion about this post